ദരിദ്രര്‍, ദളിതര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗപരിമിതര്‍, ആദിവാസികള്‍, ഭിന്നലിംഗ വിഭാഗക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുളള സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുണ്ടോ എന്നത് വിലയിരുത്തി മാറ്റങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയുമാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയ്യുന്നതെന്ന് കമീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ടൗണ്‍ഹാളില്‍ ഭരണപരിഷ്കാര കമീഷന്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ അതിന്‍റെ ഗുണഭോക്താക്കളിലേക്ക് എത്രമാത്രം എത്തുന്നുണ്ട്, എത്തുന്നില്ലെങ്കില്‍ ചോര്‍ച്ച സംഭവിക്കുന്നത് എവിടെ ഒപ്പം തന്നെ ഇനി എന്തെല്ലാം ക്ഷേമപദ്ധതികളാണ് ആവശ്യമായിട്ടുളളത് എന്ന പരിശോധനയും കമീഷന്‍ നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വൈകല്യമുളളവര്‍, കുട്ടികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നീ ആറ് വിഭാഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് പറയാനുളളത് പറയാനും, അത് രേഖപ്പെടുത്താനും വേണ്ടിയാണ് ഇത്തരം പൊതുചര്‍ച്ചകള്‍ നടത്തുന്നതെന്നും കമീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , പ്രത്യേക ഗ്രാമസഭ ചേരണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം എത്രമാത്രം പാലിക്കപ്പെടുന്നുണ്ടന്നും അതിലൂടെ എത്ര മാത്രം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2011 ലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് ജനസംഖ്യയുടെ രണ്ടേകാല്‍ ശതമാനം പേരാണ് ഭിന്നശേഷിക്കാരായി നിലവിലുളളത്. ഇവരില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.