Mar 28, 2017
ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സമീപനരേഖയുടെയും വെബ്സൈറ്റിന്റെയും പ്രകാശനം നിര്‍വഹിച്ചു. കമീഷന്‍ അംഗം സി പി നായര്‍ അധ്യക്ഷനായി. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി ഷീല തോമസ് സ്വാഗതവും കമീഷന്‍ അഡീഷണല്‍ സെക്രട്ടറി ടി പി ബാബു നന്ദിയും പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വം നല്‍കേണ്ട സ്ഥാപനങ്ങളുടെയും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളുടെയും പ്രവര്‍ത്തനം പുനരവലോകനം ചെയ്യണമെന്ന് ഭരണപരിഷ്കാര കമീഷന്‍ സമീപനരേഖയില്‍ നിര്‍ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണമുള്ള സാഹചര്യത്തിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് വൈരുധ്യവും ആശങ്കയുളവാക്കുന്നതുമാണെന്നും സമീപനരേഖയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുഭരണസംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല. ഈ പ്രശ്നം പരിഹരിക്കണം. നിരവധി പരിഷ്കരണ ശ്രമങ്ങള്‍ക്കുശേഷവും സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പൂര്‍ണതോതില്‍ സാധ്യമാകാത്തത് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായും.
സന്തുലിതമല്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെയും മറ്റു പ്രകൃതിവിഭവങ്ങളുടെയും ആവശ്യകത വര്‍ധിപ്പിക്കുകയും ഇത് പരിസ്ഥിതിനാശത്തിന് കാരണമാവുകയും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള ഇടപെടലും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അടക്കമുള്ള മേഖലകളില്‍ ആദ്യഘട്ടത്തില്‍തന്നെ കമീഷന്‍ വിലയിരുത്തല്‍ നടത്തും. റവന്യൂ, തദ്ദേശം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, കുടിവെള്ളം, ഭക്ഷ്യവിതരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പൊലീസ്, വിജിലന്‍സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, പട്ടികജാതി- വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍, തെരുവുജീവിതങ്ങള്‍, കോളനി- ചേരി നിവാസികള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ പരിശോധിക്കും.
കമീഷന് ബന്ധപ്പെടുന്നതിനായി എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും നോഡല്‍ ഓഫീസറെ നിയോഗിക്കണം. കമീഷന്‍ റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസമിതി രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സമീപനരേഖയില്‍ പറയുന്നു.