Skip to main content
Body

Jan 29, 2017

ഭരണപരിഷ്കാര കമീഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു സമീപനരേഖ തയ്യാറാക്കും. വിവിധ മേഖലകളിലെ ഇരുപതിലേറെ വിദഗ്ധര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഭൌതികസാഹചര്യങ്ങളിലും ഭരണനടപടികളിലുമുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് കമീഷന്റെ പൊതുനിലപാട്. ഭരണസംവിധാനത്തിന്റെ ഘടന, വിവിധവകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, സേവനം പ്രദാനം ചെയ്യുന്നതിന്റെ രീതിശാസ്ത്രം, ആധുനിക മാനേജ്മെന്റ് രീതികള്‍, സാമ്പത്തിക മാനേജ്മെന്റ്, മാനവവിഭവശേഷി വികസനം, ഭരണ സുതാര്യത, വിവരാവകാശം എന്നിങ്ങനെ നിരവധി വിഷയങ്ങളെ സ്പര്‍ശിച്ചുള്ള അവതരണങ്ങളുണ്ടായി. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍നിന്നും ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍നിന്നും വിദഗ്ധരില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ച് കമീഷന്റെ ശുപാര്‍ശകള്‍ സമഗ്രമാക്കണമെന്നും ധാരണയായി. 

കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ യോഗം ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന് ലഭ്യമായ ഘടകങ്ങള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്ന് വി എസ് പറഞ്ഞു. കാര്യക്ഷമതയുടെ അഭാവം, കാലതാമസം, ഉദ്യോഗസ്ഥ മേധാവിത്വം, അസന്തുലിതവും അശാസ്ത്രീയവുമായ വിഭവചൂഷണം, പ്രകൃതിവിരുദ്ധ നിലപാടുകള്‍, വിദ്യാഭ്യാസക്കച്ചവടം, അശാസ്ത്രീയമായ സ്ഥലജല മാനേജ്മെന്റ് തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

വകുപ്പുകള്‍തമ്മിലുള്ള ഏകോപനം, ഭരണത്തിലെ സുതാര്യത, അഴിമതിയോടും സ്വജനപക്ഷപാതത്തോടുമുള്ള ജനങ്ങളുടെ സമീപനം, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമികവ്, ജലലഭ്യത, ഭൂപ്രകൃതി എന്നു തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങള്‍ നമുക്ക് തുണയായിട്ടുണ്ട്. ഇവയെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സമീപനങ്ങളാണ് ആവശ്യമെന്നും വി എസ് പറഞ്ഞു.

കമീഷന്‍ അംഗം നീലാ ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. മെമ്പര്‍ സെക്രട്ടറി ഷീല തോമസ്, ഐഎംജി ഡയറക്ടര്‍ ജനറല്‍  സത്യജിത് രാജന്‍ എന്നിവര്‍ സംസാരിച്ചു. കമീഷന്‍ അംഗം സി പി നായര്‍ അധ്യക്ഷനായി.