August 3, 2016
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാകും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ക്യാബിനറ്റ് പദവിയോട് കൂടിയുള്ള സ്ഥാനമാണിത്. കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാന്‍ നിയമസഭ നേരത്തെ ഭേദഗതി പാസാക്കിയിരുന്നു.
വിഎസിനെ കൂടാതെ മറ്റു രണ്ട് അംഗങ്ങള്‍ കൂടി ഭരണ പരിഷ്‌കാര കമ്മിഷനിലുണ്ട്. സിപി നായരും നീല ഗംഗാധരനുമാണ് മറ്റു അംഗങ്ങള്‍. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമ്മിഷനാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. മുന്‍മുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എം.കെ.വെള്ളോടി എന്നിവര്‍ വഹിച്ചിട്ടുള്ള സ്ഥാനമാണിത്.