Skip to main content

ഭരണപരിഷ്‌കാര കമ്മീഷന്‍

ഭരണ പരിഷ്‌കാരങ്ങളുടെ ചരിത്രം
 1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്. 1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു. ഹൈദരാബാദ് മുന്‍ മുഖ്യമന്ത്രി ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.  ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 മേയില്‍് രൂപീകരിച്ചു. 2016 സെപ്റ്റംബറില്‍ നിലവില്‍ വന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ നാലാമത് സമിതിയാണ് ഇപ്പോള്‍ ഉള്ളത്. മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ് നിലവിലെ ചെയര്‍മാന്‍.

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഉടന്‍ തന്നെയാണ് ആദ്യത്തെ എ.ആര്‍.സി. രൂപീകരിച്ചത്. വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടായിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ സ്വാഭാവികമായും ഉടലെടുത്ത പ്രശ്‌നങ്ങള്‍ പെട്ടന്ന് തന്നെ പരിഹരിക്കേണ്ടതുണ്ടായിരുന്നു. വികസനത്തിന്റെ കാര്യത്തില്‍ പോലും വലിയ അന്തരം നിലനിന്നിരുന്നു. ആരോഗ്യ- വിദ്യാഭ്യാസ കാര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മലബാര്‍ വളരെ പിന്നിലായിരുന്നു. ജനക്ഷേമത്തിലൂന്നിയ ഒരു ഭരണം കെട്ടിപ്പടുക്കണമെന്ന ആഗ്രഹം നിലനിന്നിരുന്നു. വികേന്ദ്രീകരണത്തിലൂടെയും ഭൂപരിഷ്‌കരണത്തിലൂടെയും പുരോഗമന ആശയങ്ങള്‍ നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ആദ്യ പഞ്ചവത്സര പദ്ധതിയിലൂടെ ആസൂത്രിത വികസനത്തിന്റെ ഫലപ്രാപ്തിയിലേക്ക് എത്തിച്ചേരുകയായിരുന്നു. ആദ്യ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ നിരവധി തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഭരണസംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് എങ്ങനെയെല്ലാമാണെന്ന വലിയ ചിന്തകളും അനുബന്ധമായി രൂപപ്പെട്ടു.

രണ്ടാം കമ്മറ്റിയുടെ രൂപീകരണസമയത്ത് വളരുന്ന ക്ഷേമരാഷ്ട്രത്തിന്റെ വെല്ലുവിളികള്‍ അനുഭവപ്പെട്ടു തുടങ്ങി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ഭക്ഷ്യ ഭദ്രത എന്നിവയിലൂടെയുള്ള മാനവിക വികസനമായിരുന്നു സംസ്ഥാനത്തിന്റെ അപ്പോഴത്തെ വികസന അജണ്ട. വലിയ ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ പദ്ധതികളുടെ പ്രതാപം നഷ്ടപ്പെടാന്‍ തുടങ്ങി. വളരെ പ്രശംസിക്കപ്പെട്ട പഞ്ചായത്തിരാജ് പദ്ധതിയുടെ മുന്നോട്ടുപോക്ക് ദുഷ്‌കരമായി. സംസ്ഥാനം രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ കാലത്തിലൂടെ കടന്നു പോകാന്‍ തുടങ്ങി. ഇത് ഭരണകൂടത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. ആ സാഹചര്യത്തിന്റെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അന്നത്തെ കമ്മറ്റി റിപ്പോര്‍ട്ടുകള്‍.


ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സാധാരണക്കാരന്റെ നന്മയ്ക്കായി കൂടുതല്‍ ഇടപെടീലുകള്‍ നടത്താനാകുന്ന തരം ഭരണമായിരുന്നു ആദ്യ കമ്മീഷന്‍ ലക്ഷ്യമിട്ടത്. അതിനായി താഴെത്തട്ടുകളിലേക്ക് അധികാരവികേന്ദ്രീകരണം നടത്തി. ജനാധിപത്യ വികേന്ദ്രീകരണത്തിന് പ്രാമുഖ്യം നല്‍കുന്നതായിരുന്നു ആദ്യത്തെ എ.ആര്‍.സി.. ഭരണത്തിന് കൃത്യമായൊരു വികസന ലക്ഷ്യം രൂപപ്പെടുത്തിയെടുക്കുന്നതിന് കമ്മറ്റി സഹായകരമായി. ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അധികാരവികേന്ദ്രീകരണം നടത്തുന്നതിനൊപ്പം മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. താഴെത്തട്ടില്‍ നിന്നും തുടങ്ങി പടിപടിയായി തിരഞ്ഞെടുക്കപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന രീതിയിലാണ് കമ്മിഷന്‍ പദ്ധതികള്‍ നിര്‍ദ്ദേശിച്ചത്.


രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍ സംസ്ഥാനത്തിന്റെ പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ മെല്ലെപ്പോക്കില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അടുക്കാതെ വേറിട്ട് നിന്നതിലൂടെ പഞ്ചായത്തിരാജിനും വേരോട്ടമുണ്ടായില്ല. ഉദ്യോഗസ്ഥരില്‍ വളര്‍ന്നുവരുന്ന അച്ചടക്കമില്ലായ്മ കമ്മറ്റി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ വര്‍ദ്ധിച്ചുവരുന്ന ചിലവുകളില്‍ കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. സര്‍ക്കാരിനെ അഴിമതി വിമുക്തവും കാര്യക്ഷമവും ആക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചു.

മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നാല് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. പൗരാവകാശ പത്രം, പരാതി പരിഹാരം, സുതാര്യത, വിവരാവകാശം എന്നിവയായിരുന്നു ആദ്യത്തേത്. ഫയലുകള്‍ നീക്കുന്നതിലെ വേഗത, ഹാജര്‍ നില എന്നിവ നിരീക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ  റിപ്പോര്‍ട്ട് സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചും നാലാമത്തേത് ഉദ്യോഗസ്ഥതല പരിഷ്‌കാരങ്ങളെക്കുറിച്ചുമായിരുന്നു.